കേരള ശാസ്ത്ര സാഹിത്യപരിഷത്ത് : ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്

പ്ലസ്ടു - ഹൈക്കോടതി വിധി സര്‍ക്കാരിന് പാഠമാകണം

പ്ലസ്ടു - ഹൈക്കോടതി വിധി സര്‍ക്കാരിന് പാഠമാകണം

ഈ വര്‍ഷം പുതിയ +2 സ്‌ക്കൂളുകളും അധികബാച്ചുകളും അനുവദിക്കുന്നതിന് കേരള സര്‍ക്കാര്‍ എടുത്ത നടപടികള്‍ നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിരീക്ഷിക്കുകയും സര്‍ക്കാര്‍ നടപടികള്‍ റദ്ദാക്കുകയും ചെയ്തിരിക്കുന്നു. ഇത് സര്‍ക്കാരിന് പാഠമാകണമെന്നും പൊതുവിദ്യാഭ്യാസരംഗത്തെ സര്‍ക്കാരിടപെടലുകള്‍ സുതാര്യവും നീതിപൂര്‍വവുമാകണമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു.
പൊതുവിദ്യാഭ്യാസരംഗത്ത് സാമൂഹ്യനീതിയും സുതാര്യതയും ഉറപ്പാക്കുന്നതിന് എക്കാലത്തും ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ നടത്തി വന്നിരുന്ന സംസ്ഥാനമാണ് കേരളം. വിദ്യാഭ്യാസരംഗത്തെ ജാതിമത വര്‍ഗ്ഗീയ പ്രീണനങ്ങള്‍ക്കും കച്ചവടതാല്‍പര്യങ്ങള്‍ക്കും ഏറ്റ കനത്ത തിരിച്ചടിയാണിത്. വേണ്ടത്ര പഠനങ്ങളോ വിദഗ്ദ്ധപരിശോധനകളോ ഇല്ലാതെ അര്‍ഹതകള്‍ പരിശോധിക്കാതെ നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും പാലിക്കാതെ സര്‍ക്കാര്‍ നടപടികള്‍ എടുക്കരുത് എന്ന താക്കീതും വിധി നല്‍കുന്നു. പൊതു വിദ്യാഭ്യാസ സംവിധാനത്തെ ദുര്‍ബലപ്പെടുത്താനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളുടെ ഭാഗമായാണ് ഗവണ്‍മെന്റ് പുതിയ +2 ബാച്ചുകള്‍ക്ക് അനുമതി നല്‍കാന്‍ തീരുമാനിച്ചത്. പൊതു വിദ്യാലയങ്ങള്‍ക്ക് പകരം സി.ബി.എസ്.ഇ സ്‌ക്കൂളുകളെ പ്രോത്സാഹിപ്പിക്കാനും അണ്‍എയ്ഡഡ് അണ്‍റക്കഗ്‌നൈസ്ഡ് സ്‌ക്കൂളുകള്‍ക്ക് വാരിക്കോരി അനുമതി നല്‍കാനുമാണ് ഗവണ്‍മെന്റ് താല്‍പര്യം കാണിക്കുന്നത്. എസ്.എസ്.എല്‍.സി റിസല്‍ട്ട് ഏപ്രില്‍ മൂന്നാം വാരം പ്രസിദ്ധീകരിച്ചിട്ടും ഇതുവരെയും ഹയര്‍സെക്കന്ററി പ്രവേശനം പൂര്‍ത്തിയാക്കിയിട്ടില്ല. +2 പ്രവേശനത്തിനുണ്ടായിരുന്ന ഏകജാലക സംവിധാനം അട്ടിമറിച്ചു. ഇങ്ങനെ പൊതു വിദ്യാഭ്യാസരംഗം 'കുരങ്ങന്റെ കൈയിലെ പൂമാല' എന്ന കണക്കിന് താറുമാറാക്കിയ ഉത്തരവാദിത്തത്തില്‍ നിന്ന് സര്‍ക്കാരിനും വിദ്യാഭ്യാസവകുപ്പിനും ഒഴിഞ്ഞുമാറാനാകില്ല.
അനര്‍ഹര്‍ക്ക് സൗകര്യം ഒരുക്കലല്ല സര്‍ക്കാരിന്റെ പണി. നിയമങ്ങളും ചട്ടങ്ങളും പാലിക്കപ്പെടുന്നു എന്ന് ഉറപ്പാക്കുന്നതോടൊപ്പം സാമൂഹ്യ നീതി പുലരുന്നു എന്നും ഉറപ്പാക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്ന ഹൈക്കോടതി വിധിയില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളണം.പൊതുവിദ്യാലയങ്ങളെ മെച്ചപ്പെടുത്താനും തുല്യതയും സാമൂഹ്യനീതിയും ഉറപ്പാക്കാനും ആവശ്യമായ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു.

Products

Get in touch with us

Kssp in Social networks

Contact us

Head Office

Parishad Bhavan
Guruvayoor Road

Thrissur 680004

Tel: 0487-2381344