ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ അമരക്കാരിലൊരാളായിരുന്ന കൊടക്കാട് ശ്രീധരൻ മാസ്റ്റർ കോഴിക്കോട് പയ്യോളിയിലെ വീട്ടിൽ ഇന്ന് പുലർച്ചെ നിര്യാതനായി. നാളെ(30 ന് ) ഉച്ചയ്ക്കാണ് സംസ്ക്കാരം.ഏതാനും വർഷങ്ങളായി രോഗബാധിതനായിരുന്നു. വിദ്യാഭ്യാസ വകുപ്പിൽ നിന്ന് AEO ആയാണ് റിട്ടയർ ചെയ്തത്. കൊടക്കാടിന്റെ ഭാര്യ പ്രേമലത .മക്കൾ മൂന്ന് പേരാണ് – ശ്രീലത, നിഭാഷ്, ശ്രീമേഷ്. മകൾ ശ്രീലതയും ഭർത്താവ് രാജീവും ഹൈദരാബാദിൽ. മകൻ നിഭാഷ് ആസ്ട്രേലിയയിൽ.

പരിഷത്തിന്റെ ജനറൽ സിക്രട്ടരിയായും പ്രസിസണ്ടായും ബാലവേദി, പ്രസിദ്ധീകരണ സമിതി, കലാവിഭാഗം, വിദ്യാഭ്യാസം എന്നിങ്ങനെ വിവിധ മേഖലകളിൽ നിറഞ്ഞ് പ്രവർത്തിച്ച ശ്രീ കൊടക്കാട് ശ്രീധരൻ സംസ്ഥാനത്തുടനീളം കൊടക്കാട് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ശാസ്ത്രകേരളം മാസികയുടെ പത്രാധിപരായിരുന്നു ദീർഘകാലം. മികച്ച പ്രഭാഷകനും എഴുത്തുകാരനുമായിരുന്ന കൊടക്കാട് നിരവധി കവിതകൾ രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മനോഹരവും ശാസ്ത്ര ബോധ പ്രചോദകവുമായ കവിതകൾ ഇന്നും ധാരാളമായി ചൊല്ലപ്പെടുന്നു. അര ഡസനോളം പുസ്തകങ്ങൾ കൊടക്കാടിന്റേതായുണ്ട്. പരിചയപ്പെട്ടവർക്കൊന്നും ഒരിക്കലും മറക്കാൻ കഴിയാത്ത, സരസനും സഹൃദയനുമായിരുന്നു അദ്ദേഹം. പരിഷത്ത് കുടുംബത്തിന് ഒരിക്കലും മറക്കാൻ കഴിയാത്ത അപൂർവ വ്യക്തിത്വം. നമ്മുടെ കൊടക്കാടിന് പരിഷത്ത് കുടുംബത്തിന്റെ ആദരം.
കൊടക്കാടിന്റെ നിര്യാണത്തെത്തുടർന്ന് സംസ്ഥാനത്തുടനീളം നടന്നു കൊണ്ടിരിക്കുന്ന വികസന സംവാദയാത്രകളുടെ കോഴിക്കോട് ജില്ലയിലെ ഇന്നത്തെ പരിപാടികൾ മാറ്റിവെച്ചു.

Categories: Updates