SEMINAR ON SUSTAINABLE FOREST CONSERVATION
KSSP - WORLD ENVIRONMENT DAY SEMINAR ON SUSTAINABLE FOREST CONSERVATION Inaugurated by Dr. CTS Nair at Thrissur
(See the attached report in Malayalam)

കേരളത്തിലെ വനമാനേജ്‌മെന്റ് പുനരാവിഷ്‌കരിക്കണം - സി.ടി.എസ്.നായര്‍
ലോകപരിസരദിനമായ ജൂണ്‍ 5 ന് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ സുസ്ഥിരവനപരിപാലനം സുസ്ഥിരകേരളത്തിനുവേണ്ടി എന്ന വിഷയം ആധാരമാക്കി തൃശൂര്‍ ശ്രീ കേരളവര്‍മ്മ കോളേജില്‍ സംഘടിപ്പിച്ച സംസ്ഥാനതല സെമിനാര്‍ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ഡോ.സി.ടി.എസ് നായര്‍, അഡീഷണല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡോ.കെ.പി ഔസേപ്പ്, പ്രൊഫ.എം.കെ.പ്രസാദ് എന്നിവര്‍ വൃക്ഷതൈകള്‍ നട്ട് ഉദ്ഘാടനം ചെയ്തു. പ്രൊഫ.എം.കെ.പ്രസാദ് അദ്ധ്യക്ഷത വഹിച്ച സെമിനാറില്‍ ഡോ.കെ.പി ഔസേപ്പ് ‘കേരളത്തിലെ വനപരിപാലനം ഇപ്പോള്‍ - ലക്ഷ്യവും പ്രവര്‍ത്തനവും’ എന്ന വിഷയവും ഡോ.സി.ടി.എസ് നായര്‍ ‘സുസ്ഥിര വനപരിപാലനം കേരളത്തില്‍ - എങ്ങനെയാവണം’ എന്ന വിഷയവും അവതരിപ്പിച്ചു.
കേരളത്തില്‍ പ്രകൃതിയുടെ യഥാര്‍ത്ഥ വില ഇനിയും നാം മനസ്സിലാക്കിയിട്ടില്ലെന്ന് ഡോ. സി.ടി.എസ് നായര്‍ ചൂണ്ടിക്കാട്ടി. കുന്നിടിക്കുമ്പോള്‍ മണ്ണിന്റെയും കല്ലിന്റെയും വിലയാണ് അറിയുന്നത്. ഇത് തികച്ചും നിര്‍ഭാഗ്യകരമാണ്. കേരളത്തില്‍ മലേഷ്യയില്‍ നിന്നും ബ്രസീലില്‍ നിന്നും മറ്റും തടികള്‍ ഇറക്കുമതി ചെയ്യുന്നതിനാല്‍ തടികള്‍ക്കായുള്ള സമ്മര്‍ദ്ദം വനമേഖലയില്‍ കുറവാണ്. എന്നാല്‍ ഈ ലഭ്യതയ്ക്ക് കുറവ് വന്നേക്കാം. കേരളത്തിന് ആവശ്യമുള്ള വനവിഭവങ്ങള്‍ ലഭിക്കാന്‍ ഉതകുന്ന തരത്തില്‍ വന മാനേജ്‌മെന്റ് പുനരാവിഷ്‌കരിക്കണം. വനസംരക്ഷണത്തിന് ഊന്നല്‍ നല്‍കുന്ന വിധത്തിലായിരിക്കണം പുതിയ സംവിധാനങ്ങള്‍ ഉണ്ടാകേണ്ടത്. നിയമസംരക്ഷണം ലഭിച്ചിട്ടുള്ള ഭൂവിഭാഗങ്ങള്‍ പോലും നശിപ്പിക്കപ്പെടുന്നതും പൊതുഭൂമി കയ്യേറ്റം ചെയ്യുന്നതും സാക്ഷര കേരള സമൂഹത്തിന് ഭൂഷണമല്ല. സ്ഥിതിവിവരക്കണക്കുകളില്‍ കാണുന്നത്ര വനഭൂമി കേരളത്തില്‍ യഥാര്‍ത്ഥത്തില്‍ ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാണ്ടി.
കേരളത്തില്‍ വനശാസ്ത്ര പഠനത്തിന് മനുഷ്യമുഖം ഇല്ലാതാകുന്നതായി ചൂണ്ടികാട്ടിയ ഡോ.കെ.പി.ഔസേപ്പ് പോളിസി ശാസ്ത്രപഠനം ശാസ്ത്രവിഷയങ്ങളുടെ ഭാഗമായി സിലബസ്സില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. ഭക്ഷ്യസുരക്ഷപോലെ വൃക്ഷസുരക്ഷയും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. വനങ്ങള്‍ വെട്ടി റബ്ബര്‍ വളര്‍ത്തി വിറ്റ് ആ പണംകൊണ്ട് മലേഷ്യന്‍ തടി ഇറക്കുമതി ചെയ്യുന്ന സാമ്പത്തിക ശാസ്ത്രം ചര്‍ച്ച ചെയ്യേണ്ടതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ ശാസ്ത്രീയ വനപരിപാലനത്തിന്റെ 150 -ാം വാര്‍ഷികമായിട്ടും പഴയ നിയമത്തില്‍ കാതലായ വലിയ മാറ്റങ്ങള്‍ വന്നിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കാലാവസ്ഥാമാറ്റത്തെ സംബന്ധിച്ച 1992 -ലെ ഉടമ്പടിയോ 1997 ലെ പ്രോട്ടോകോളോ 2002 ലെ പ്രവര്‍ത്തന പരിപാടിയോ ഒപ്പുവെച്ച രാഷ്ട്രങ്ങള്‍ കൃത്യമായി നിബന്ധനകള്‍ പാലിക്കാതെ വന്നതിനാല്‍ കാലാവസ്ഥാ മാറ്റത്തെ ചെറുക്കുക എന്ന ലക്ഷ്യം ദുര്‍ബലപ്പെടുകയും കാലാവസ്ഥാമാറ്റത്തെ സഹിക്കുക എന്ന രീതിയിലേക്ക് ലോകം നീങ്ങുകയുമാണെന്ന് അധ്യക്ഷത വഹിച്ച പ്രൊഫ.എം.കെ.പ്രസാദ് പ്രസ്താവിച്ചു. ജനറ്റിക് വിളകളില്‍ നിന്നും കൈവിട്ടുപോയ ഇ കോളി ബാക്ടീരിയ യൂറോപ്പില്‍ പച്ചക്കറിയില്‍ വ്യാപിച്ച കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഡോ.കാവുമ്പായി ബാലകൃഷ്ണന്‍ ആമുഖ പ്രഭാഷണം നടത്തി. കേരളത്തില്‍ വനസംരക്ഷണത്തോടൊപ്പം ഇതര പാരിസ്ഥിതിക മേഖലകളിലും ശക്തമായ ഇടപെടലുകള്‍ നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നാശോന്മുഖമായ വനഭൂമിയുടെ പുനരുദ്ധാരണത്തിന് വനംവകുപ്പിന്റെ സഹകരണത്തോടെ ജനകീയ സമിതികള്‍ രൂപീകരിച്ച് പ്രവര്‍ത്തിക്കാന്‍ പരിഷത്ത് തീരുമാനിച്ചിട്ടുണ്ട്. കേരളത്തില്‍ അവശേഷിച്ച സര്‍പ്പക്കാവുകളുടെ പുനരുദ്ധാരണം ജനകീയ കര്‍മ്മപരിപാടിയായി നടപ്പിലാക്കും. തീരദേശത്ത് കണ്ടല്‍ വനവത്കരണത്തിന് പ്രാധാന്യം നല്‍കേണ്ടതാണ്. കഴിഞ്ഞ വര്‍ഷം പരിഷത്ത് പൂര്‍ത്തിയാക്കിയ കണ്ടല്‍ വനങ്ങളുടെ പഠനത്തിന്റെ അടിസ്ഥാനത്തില്‍ കണ്ടല്‍ വനസംരക്ഷണത്തിനായി പദ്ധതി തയ്യാറാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ പരിസ്ഥിതി പ്രര്‍ത്തകര്‍ മലനാട,് ഇടനാട,് തീരപ്രദേശം എന്നീ മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞ് ചര്‍ച്ചകളില്‍ പങ്കെടുത്തു. ഡോ.കെ.വിദ്യാസാഗര്‍, ഡോ.വി.ആര്‍.രഘുനന്ദനന്‍ എന്നിവര്‍ ചര്‍ച്ചകള്‍ ക്രോഡീകരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.പി.ശ്രീശങ്കര്‍ സ്വാഗതവും, സംസ്ഥാന പരിസര വിഷയസമിതി കണ്‍വീനര്‍ ഹരിലാല്‍ നന്ദിയും പറഞ്ഞു.
- Categories:
- tags:



