ശാസ്ത്രപുസ്തക പ്രചരണം വിജയിപ്പിക്കുക

യൂണിറ്റ് സെക്രട്ടറിമാർക്ക് സംസ്ഥാന ട്രഷർ അയയ്ക്കുന്ന കത്ത്

യൂണിറ്റില്‍ വിശേഷങ്ങള്‍ എന്തൊക്കെ ? രസതതന്ത്രവര്‍ഷത്തിന്റെ ഭാഗമായ ശാസ്ത്രക്ലാസ്സുകളും പുസ്തകപ്രചരണവും ആസൂത്രണം ചെയ്തിട്ടുണ്ടാവുമെന്ന് കരുതുന്നു.

താങ്കളുടെ യൂണിറ്റില്‍ കുറഞ്ഞത് 10 ശാസ്ത്രക്ലാസ്സുകളാണ് നടക്കേണ്ടത്.
ശാസ്ത്രക്ലാസ്സുപോലെ പ്രാധാന്യമുള്ളതാണ് ശാസ്ത്രപുസ്തക പ്രചരണവാരം. ജൂലൈ 4 - ന് മാഡം ക്യൂറി ദിനത്തില്‍ ആരംഭിച്ച് ജൂലൈ 10 - ന് അവസാനിക്കുന്ന ശാസ്ത്ര പുസ്തക പ്രചരണവാരം രസതത്രവര്‍ഷത്തിലെ പ്രധാന പരിപാടികളിലൊന്നായാണ് നാം കാണുന്നത്.

പരിഷത് പ്രവര്‍ത്തകരായ എല്ലാവരും ശാസ്ത്രപുസ്തക പ്രചരണത്തിന് ഇറങ്ങണമെന്നാണ് തീരുമാനം. ശാസ്ത്രവിജ്ഞാനം ജനങ്ങളിലെത്തിക്കുവാനാണ് ഇതിലൂടെ നാം ശ്രമിക്കുന്നത്. യൂണിറ്റടക്കമുള്ള സംഘടനാ ഘടകങ്ങള്‍ക്ക്, വരുംനാളുകളില്‍ പ്രവര്‍ത്തിക്കാനാവശ്യമായ സാമ്പത്തികം കണ്ടെത്തലും പുസ്തകപ്രചരണത്തിന്റെ ലക്ഷ്യമാണ്.


താങ്കളുടെ യൂണിറ്റില്‍ കുറഞ്ഞത് 5000 രൂപയുടെ ശാസ്ത്രപുസ്തകങ്ങളെങ്കിലും പ്രചരിപ്പിക്കുന്നതിനുള്ള പരിപാടി തയ്യാറാക്കണം. വായനയെ ഗൗരവമായി കാണുന്നവരുടെ പക്കല്‍ നമ്മുടെ പുസ്തകങ്ങള്‍ എത്തുന്നുവെന്ന് ഉറപ്പാക്കണം. അതിനായി, കാണേണ്ടവരുടെ ലിസ്റ്റ് മുന്‍കൂട്ടി തയ്യാറാക്കണം. യൂണിറ്റില്‍ 4-5 പേരടങ്ങുന്ന 2-3 സ്‌ക്വാഡുകളെങ്കിലും രൂപീകരിക്കണം. ഓരോ സ്‌ക്വാഡും ആരെയെല്ലാം സമീപിക്കണമെന്ന് / ഏതെല്ലാം പ്രദേശത്ത് ഇറങ്ങണമെന്ന് തീരുമാനിക്കണം. പുസ്തകം കടമായി നല്‍കാതിരിക്കാന്‍ ശ്രദ്ധിക്കണം. സ്‌ക്വാഡുകള്‍ ഓരോ ദിവസവും പ്രചരിപ്പിക്കുന്ന പുസ്തകങ്ങളുടെ കണക്ക് അന്നന്നുതന്നെ താങ്കള്‍ നേരിട്ട് പരിശോധിച്ച്, പണം ഏറ്റുവാങ്ങണം. 10 -ാം തീയതി വൈകിട്ട് തന്നെ കണക്കുകള്‍ സെറ്റില്‍ ചെയ്ത്, പണവും, ശേഷിക്കുന്ന പുസ്തകവുമായി, മേഖലാ ട്രഷറര്‍ അറിയിക്കുന്ന കേന്ദ്രത്തില്‍ എത്തണം.


പുസ്തകം നല്‍കുന്നതോടൊപ്പം ആളുകളെ ശാസ്ത്രക്ലാസ്സിലേക്ക് ക്ഷണിക്കുകയും വേണം. അതായത്, ശാസ്ത്രക്ലാസ്സുകള്‍ എന്ന്, എവിടെയൊക്കെ നടക്കും എന്ന ആലോചനയും പുസ്തക പ്രചരണത്തിന് മുന്‍പായി നടക്കണമെന്ന് ചുരുക്കം.
യൂണിറ്റിലെ മൂഴുവന്‍ അംഗങ്ങളെയും ശാസ്ത്രപുസ്തക പ്രചരണ വാരത്തില്‍ അണിനിരത്തുക എന്നത് / ഒരാളെ ഒരു ദിവസമെങ്കിലും ശാസ്ത്രപുസ്തക പ്രചരണത്തിനായി ഇറക്കുക എന്നത്, സെക്രട്ടറി എന്ന നിലയില്‍, താങ്കള്‍ വ്യക്തിപരമായ ഒരു ഉത്തരവാദിത്വമായി ഏറ്റെടുക്കുമെന്ന് കരുതട്ടേ...


സ്‌ക്വാഡുകള്‍ തീരുമാനിച്ച് ലീഡര്‍മാരുടെ ഫോണ്‍ നമ്പരോ, ഇ-മെയിലോ മേല്‍ക്കാണിച്ചിട്ടുള്ള വിലാസത്തില്‍ എനിക്കും കൂടി അയച്ചുതരുക. കഴിവതും നേരിട്ട് ബന്ധപ്പെടാനും ശ്രമിക്കാം.
ഏറെ സ്‌നേഹത്തോടെ


പി.വി വിനോദ്

ട്രഷറർ

pvvinodalp@gmail.com