വേണം മറ്റൊരു കേരളം

Press Release

കെ.ആര്‍. രാജന്റെ നിര്യാണത്തില്‍ അനുശോചിക്കുന്നു

എറണാകുളം മുന്‍ ജില്ലാകളക്ടറായിരുന്ന ശ്രീ. കെ.ആര്‍. രാജന്റെ നിര്യാണത്തില്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അനുശോചനം രേഖപ്പെടുത്തുന്നു. പരിഷത്തിന്റെ ആദ്യകാല പ്രവര്‍ത്തകരിലൊരാളായ അദ്ദേഹം പരിഷത്ത് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റുകൂടിയാണ്. എറണാകുളം ജില്ലാ സമ്പൂര്‍ണ്ണ സാക്ഷരതാ പരിപാടിയുടെ സമയത്ത് ജില്ലാ കളക്ടറായിരുന്ന അദ്ദേഹത്തിന്റെ സേവനം സാക്ഷരതാ പരിപാടി വിജയിപ്പിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചു. ഔദ്യോഗിക ജീവിതത്തില്‍ പല പ്രധാന സ്ഥാനങ്ങളും വഹിച്ചിട്ടുള്ള അദ്ദേഹം പ്രഗത്ഭനായ ഒരു ഭരണാധികാരികൂടിയായിരുന്നു. ശ്രീ.കെ.ആര്‍. രാജന്റെ ആകസ്മിക വിയോഗത്തില്‍ കേരള ശാസ്ത്രസാഹിത്യ പിരഷത്ത് അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു.

Padayathra Samgamam_Jan 30

വേണം മറ്റൊരു കേരളം - സംസ്ഥാന പദയാത്രാ സംഗമം, 2012 ജനുവരി 30 വൈകിട്ട്. 5 ന് ആലുവയില്‍.

പ്രൊഫ. എം.കെ. സാനു ഉത്ഘാടനം ചെയ്യുന്നു.

ശാസ്ത്രത്തിന്റെ സാമൂഹിക ധർമ്മം-പുസ്തകപ്രകാശനം

പുസ്തക പ്രകാശനം : ശാസ്ത്രത്തിന്റെ സാമൂഹ്യധര്‍മ്മം

സമയം : 2012 ജനുവരി 11 വൈ. 4.30 സാഹിത്യ അക്കാദമി, തൃശ്ശൂര്‍

(ജെ.ഡി ബര്‍ണലിന്റെ പ്രശസ്ത പുസ്തകം സോഷ്യല്‍ ഫങ്ഷന്‍ ഓഫ് സയന്‍സിന്റെ മലയാള പരിഭാഷ,

വിവര്‍ത്തകന്‍ : എം.സി. നമ്പൂതിരിപ്പാട്)

 

പൊന്നമ്പലമേട്ടില്‍ കയ്യേറ്റങ്ങള്‍ അനുവദിക്കരുത്





പൊന്നമ്പലമേട്ടില്‍ ദേവസ്വം ബോര്‍ഡിന്റെ കയ്യേറ്റം അനുവദിക്കരുത്

പൊന്നമ്പലമേട്ടില്‍ ദീപാരാധന നടത്തുവാനുള്ള ദേവസ്വം ബോര്‍ഡിന്റെ നടപടി അനുവദിക്കുവാന്‍ പാടില്ലെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു.

പൊന്നമ്പലമേട്ടില്‍ ഏതെങ്കിലും തരത്തിലുള്ള ഇടപെടല്‍ നടത്തുവാന്‍ ദേവസ്വം ബോര്‍ഡിന് യാതൊരു അധികാരവുമില്ല. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വനഭൂമിയാണത്. മാത്രമല്ല ഈ പ്രദേശം അത്യധികം പാരിസ്ഥിതിക പ്രാധാന്യമുള്ള പെരിയാര്‍ ടൈഗര്‍ റിസര്‍വ്വിന്റെ ഉള്ളിലാണ് താനും. അവിടെ പ്രാര്‍ത്ഥനയോ ആചാരപരമായ ചടങ്ങുകളോ നടത്തുന്നത് ഇപ്പോള്‍ ശബരിമലയിലെത്തുന്നതുപോലെ ആയിരക്കണക്കിനാളുകള്‍ അവിടെ എത്തുന്നതിന് കാരണമാകും. ഇതിനായി ധാരാളം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടിയും വരും. ഇതുണ്ടാക്കാന്‍ പോകുന്ന വനനശീകരണവും പാരിസ്ഥിതിക തകര്‍ച്ചയും വലുതായിരിക്കും.

പൊന്നമ്പലമേട്ടില്‍ ഏതെങ്കിലും ആചാരാനുഷ്ഠാനങ്ങളോ, ആരാധനയോ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടത്തിയതായി അറിവില്ല. തങ്ങള്‍ അവിടെ എന്തെങ്കിലും ചെയ്യുന്നതായി ബോര്‍ഡ് ഇതുവരെ സമ്മതിച്ചിരുന്നുമില്ല. മകരവിളക്കു ദിവസം പൊന്നമ്പലമേട്ടില്‍ ഒരു ദിവ്യജ്യോതി പ്രത്യക്ഷപ്പെടുന്നതായാണ് ജനങ്ങള്‍ക്കിടയില്‍ പ്രചരിച്ചിരുന്നത്. ബോര്‍ഡ് നാളിതുവരെ ഇതു നിഷേധിക്കുകയോ അവിടെ ആചാരപരമായ എന്തെങ്കിലും നടക്കുന്നതായി അറിയിക്കുകയോ ചെയ്തിട്ടില്ല. കഴിഞ്ഞ ഏതാനും ദശകങ്ങളായി പൊന്നമ്പലമേട്ടില്‍ നടന്നിരുന്ന ദിവ്യജ്യോതിസ്സ് പ്രദര്‍ശനം വ്യജനിര്‍മ്മിതിയായിരുന്നുവെന്ന് പുല്ലുമേട് ദുരന്തത്തെ തുടര്‍ന്നുള്ള ബഹുജന ചര്‍ച്ചകളില്‍ നിന്ന് വെളിവായിട്ടുണ്ട്. ഇത് ബോര്‍ഡ് സമ്മതിച്ചിട്ടുമുണ്ട്. ഇതോടെ ഇനി വ്യാജമായ ഒരു പ്രവര്‍ത്തനവും പൊന്നമ്പലമേട്ടില്‍ സാദ്ധ്യമല്ലെന്ന് ബോര്‍ഡിന് വ്യക്തമായിരിക്കുന്നു. ഈ സാഹചര്യത്തിലാണ് പരസ്യമായി അവിടെ ദീപാരാധന നടത്തുവാന്‍ ബോര്‍ഡ് തയ്യാറായിട് വരുന്നത്.

പൊന്നമ്പലമേട്ടിലേക്കുള്ള ഏത് കടന്നുകയറ്റവും നിയമവിരുദ്ധവും അനുവദിക്കപ്പെടാന്‍ പാടില്ലാത്തതുമാണ്. അതിനാല്‍ നിര്‍ദ്ദിഷ്ട ദീപാരാധനാ നിര്‍ദ്ദേശം ദേവസ്വം ബോര്‍ഡ് പിന്‍വലിക്കണെമെന്നും അല്ലാത്തപക്ഷം വനംവകുപ്പ് ഈ പരിപാടി വിലക്കണമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു.

 

കെ.ടി രാധാകൃഷ്ണന്‍                        ടി. പി. ശ്രീശങ്കര്‍

(പ്രസിഡന്റ് )                              (ജന. സെക്രട്ടറി)

       കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

 

മുല്ലപ്പെരിയാർ-ബദൽ നിർദ്ദേശങ്ങൾ പഠിക്കണം

മുല്ലപ്പെരിയാര്‍

ബദല്‍ മാതൃകകള്‍ കൂടി പഠിച്ചതിന് ശേഷമേ തീരുമാനമെടുക്കാവൂ:
കേരള ശാസ്ത്രസാഹിത്യപരിഷത്ത്

മുല്ലപ്പെരിയാര്‍ പ്രശ്‌നം പരിഹരിക്കുന്നതിന് വിവിധ മാര്‍ഗങ്ങള്‍ ശാസ്ത്രജ്ഞര്‍ മുന്നോട്ടുവെക്കുന്ന സാഹചര്യത്തില്‍ അവയുടെ വിശദാംശങ്ങള്‍ ഒരു നിഷ്പക്ഷ ശാസ്ത്രസംഘം പഠിച്ചതിന് ശേഷമേ അന്തിമ തീരുമാനം കൈക്കൊള്ളാവൂ. പുതിയ ഡാം മാത്രമല്ല; ബദല്‍ എന്നതാണ് വിദഗ്ധരുടെ അഭിപ്രായം.


കേരളത്തിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക, ഒപ്പം തമിഴ്‌നാടിന്ന് അര്‍ഹമായ വെള്ളം നല്‍കുക, എന്നീ രണ്ട് കാര്യങ്ങളും ഒന്നിച്ച് നടക്കണം. ഇത് സംബന്ധിച്ച കൂടുതല്‍ ശാസ്ത്രീയ നിഗമനങ്ങളിലെത്തുന്നതിന് വേണ്ടി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ശാസ്ത്രജ്ഞരുടേയും വിദഗ്ധരുടേയും ഒരു യോഗം ഡിസംബര്‍ 22ന് എറണാകുളത്ത് ചേര്‍ന്നിരുന്നു. ഈ യോഗത്തില്‍ മൂന്ന് പ്രധാന നിര്‍ദേശങ്ങളാണ് ശാസ്ത്രജ്ഞര്‍ മുന്നോട്ടു വെച്ചിരിക്കുന്നത്.


ഒന്ന്, നിലവിലുള്ള അണക്കെട്ടിലെ ജലനിരപ്പ് കുറച്ച് അത് ഒരു തടയണയാക്കി നിലനിര്‍ത്തുകയും ഇങ്ങിനെ നിര്‍ത്തുന്ന ജലനിരപ്പിന് മുകളില്‍ കാലാകാലം എത്തുന്ന വെള്ളം മുഴുവനും തന്നെ അപ്പപ്പോള്‍ ടണലുകള്‍ വഴി തമിഴ്‌നാട്ടില്‍ സംഭരിച്ച് ഉപയോഗിക്കുകയും ചെയ്യുക.
രണ്ട്, മുല്ലപ്പെരിയാര്‍ റിസര്‍വോയറിലെ വെള്ളം ഇടുക്കിയില്‍ ശേഖരിച്ച്, ഇടുക്കി ജലസംഭരണിയില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് വെള്ളം തിരിച്ചുവിടുന്നതിനായി ടണലുകള്‍ നിര്‍മിക്കുക. അതിനുശേഷം മുല്ലപ്പെരിയാര്‍ അണക്കെട്ട് ക്രമേണ ഡീകമ്മീഷന്‍ ചെയ്യുക.
മൂന്ന്, നിലവിലുള്ള അണക്കെട്ടിന് താഴെ മറ്റൊരു അണക്കെട്ട് നിര്‍മിച്ച്, നിലവിലുള്ളത് ക്രമേണ നിര്‍വീര്യമാക്കി പൊളിച്ചുമാറ്റുക.


ഇനിയും പുതിയ നിര്‍ദേശങ്ങള്‍ ഉണ്ടാകാം. ഇത്തരം ശാസ്ത്രീയ നിര്‍ദേശങ്ങള്‍ പരിഗണിക്കാതെ, അണക്കെട്ട് പോലുള്ള കാര്യങ്ങളെ വൈകാരികമായി കാണാന്‍ ഇരു സംസ്ഥാനങ്ങളും ശ്രമിക്കരുത്. അതിനാല്‍ എല്ലാ നിര്‍ദേശങ്ങളും പരിഹാരങ്ങളും നിഷ്പക്ഷമായി പഠിച്ചും മൂല്യനിര്‍ണയം നടത്തുന്നതിനുമായി അന്താരാഷ്ട്ര തലത്തില്‍ ഒരു വിദഗ്ധ സംഘത്തെ ചുമതലപ്പെടുത്തുന്നത് അഭികാമ്യമായിരിക്കും. ഇപ്പോള്‍, നിലവിലുള്ള എംപവേര്‍ഡ് കമ്മിറ്റിയുടെ കീഴിലോ, സുപ്രീംകോടതിയുടെ നേരിട്ടുള്ള കീഴിലോ, ഈ സംഘത്തെ നിയമിക്കാം. അതില്‍ അണക്കെട്ടുമായി ബന്ധപ്പെട്ട വിവിധ രംഗങ്ങളിലെ വിദഗ്ധര്‍ അംഗങ്ങളാണെന്നത് ഉറപ്പാക്കണം.


മുല്ലപ്പെരിയാര്‍ സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുന്നവരേയും ജനങ്ങളുടെ ഭീതി അകറ്റാനും വേണ്ടി ജലനിരപ്പ് ഇന്നത്തേതില്‍ നിന്ന് കുറച്ചു നിര്‍ത്തുന്നത് അഭികാമ്യമായിരിക്കും. ഇക്കാലത്ത് അപകടം സംഭവിച്ചാലുണ്ടാകുന്ന ആഘാതങ്ങള്‍ നിര്‍ണയിക്കാനും ദുരന്ത നിവാരണത്തിനും ഉള്ള നടപടികളും ഉണ്ടാവണം. ഇപ്പോഴത്തെ അണക്കെട്ടു നിലനില്‍ക്കെ തന്നെ ബദല്‍ സംവിധാനം ഉണ്ടാക്കണമെന്നതാണ് ഏറ്റവും പ്രായോഗികമായ മാര്‍ഗം.


കെ. ടി. രാധാകൃഷ്ണന്‍                 ഡോ. എ. അച്യുതന്‍                            ടി. പി. ശ്രീശങ്കര്‍
(പ്രസിഡന്റ് )                                     (മുന്‍ പ്രസിഡന്റ്)                         (ജന:സെക്രട്ടറി
)

# 22-12-2011 ലെ വിദഗ്ധരുടെ കൂടിയിരിപ്പിന്റെ റിപ്പോര്‍ട്ട് താഴെ അറ്റാച്ച് ചെയ്തിരിക്കുന്നതും കാണുക.

മുല്ലപ്പെരിയാര്‍: വൈകാരിക ഭീതിയല്ല ശാസ്ത്രീയ പരിഹാരമാണ് വേണ്ടത്

മുല്ലപ്പെരിയാര്‍ വൈകാരിക ഭീതിയല്ല ശാസ്ത്രീയ പരിഹാരമാണ് വേണ്ടത് - പരിഷത്ത്


മുല്ലപ്പെരിയാര്‍ അണക്കെട്ട് സംബന്ധിച്ച് ജനങ്ങളെ ഭയപ്പെടുത്തുകയല്ല, ശാസ്ത്രീയ പ്രശ്‌നപരിഹാരം തേടുകയാണ് വേണ്ടത്. ജനങ്ങളുടെ ജീവനും, പരിസ്ഥിതിക്കും പരിഹരിക്കാനാകാത്തതും പുനര്‍ നിര്‍മ്മിക്കാനാകാത്തതുമായ ദുരന്തസാധ്യതകള്‍ കണ്ടാല്‍ അതിന്മേല്‍ ഒരു വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട് വരാന്‍ കാത്തിരിക്കാതെ നടപടിയെടുക്കുവാന്‍ ദേശീയസര്‍ക്കാരുകള്‍ക്ക് കഴിയുമെന്ന് അന്താരാഷ്ട്ര ധാരണ നിലനില്‍ക്കുന്നു. 1992ല്‍ റിയോ ഡി ജനിറോയില്‍ ചേര്‍ന്ന ഭൗമ ഉച്ചകോടിയുടെ പ്രഖ്യാപനത്തില്‍ 15-ാം വകുപ്പ് ഇതാണ് സൂചിപ്പിക്കുന്നത് . ഈ പ്രാഖ്യാപനത്തില്‍ ഇന്ത്യസര്‍ക്കാരും ഒപ്പുവെച്ചിട്ടുണ്ട്.

ഇതിനെ മുന്‍കരുതല്‍നയം എന്നാണ് റിയോ പ്രഖ്യാപനം വിശേഷിപ്പിക്കുന്നത്. ഉടമ്പടിയില്‍ ഒപ്പുവയ്ക്കുക വഴി ഇത്തരം ദുരന്തങ്ങള്‍ തടയുമെന്ന് ഇന്ത്യസര്‍ക്കാര്‍ അന്താരാഷ്ട്രസമൂഹത്തിന് ഉറപ്പുനല്‍കിയിരിക്കുകയാണ്. ചില രാജ്യങ്ങളില്‍ ഈ മുന്‍കരുതല്‍ നയം നിയമസംഹിതയുടെ ഭാഗമാക്കി മാറ്റിയിട്ടുണ്ട്. ഇന്ത്യസര്‍ക്കാരിന് മുല്ലപ്പെരിയാര്‍ സംബന്ധിച്ച് ഉടന്‍ തീരുമാനമെടുക്കാന്‍ ഒരു വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ടോ, ജുഡീഷ്യല്‍ വിധിയോ ആവശ്യമില്ല.


ജനങ്ങള്‍ പരിഭ്രാന്തരാണ്. അവര്‍ക്ക് ആത്മവിശ്വസം പകരുന്ന നടപടികള്‍ ആണ് ഇപ്പോള്‍ ഭരണകൂടം കൈക്കൊള്ളേണ്ടത് അതിനായി മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 120 അടിയായി കുറയ്ക്കാന്‍ അടിയന്തിര നടപടിയെടുക്കണം. അപകടസാധ്യത ഏറ്റവും കുറയ്ക്കാന്‍ കഴിയുന്ന ഒരു നടപടി അതുമാത്രമാണ്. പുതിയ ഡാം ഇപ്പോള്‍ അനുവദിച്ചാല്‍ പോലും അത് പൂര്‍ത്തിയാക്കി കമ്മീഷന്‍ ചെയ്യാന്‍ വര്‍ഷങ്ങള്‍ എടുക്കുമെന്നിരിക്കെ മുല്ലപ്പെരിയാറിന്റെ ജലനിരപ്പ് കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തിരനടപടി എടുക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു.

കെ.ടി രാധാകൃഷ്ണൻ                      ടി.പി ശ്രീശങ്കർ

(പ്രസിഡന്റ്)                                (ജന. സെക്രട്ടറി)

      കേരള ശാസ്ത്രസാഹിത്യ പരിഷത്ത

(രേഖാചിത്രത്തിന് കടപ്പാട്: വിക്കിമീഡിയ കോമൺസ്)

അദ്ധ്യാപക പാക്കേജ് :സര്‍ക്കാര്‍ പിന്നോക്കം പോകരുത് - പരിഷത്ത്

അദ്ധ്യാക പാക്കേജില്‍ കൂടുതല്‍ വെള്ളം ചേര്‍ക്കാനുള്ള സര്‍ക്കാര്‍ നീക്കം പ്രതിഷേധാര്‍ഹമാണെന്ന് പരിഷത് പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു. സ്കൂള്‍ വിദ്യാഭ്യാസരംഗത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാനായി സര്‍ക്കാര്‍ മുന്നോട്ടുവെച്ച പാക്കേജിനെ പരിഷത്ത് സ്വാഗതം ചെയ്യുകയും പോരായ്മകള്‍ ചൂണ്ടിക്കാട്ടി, അവ പരിഹരിച്ച് നടപ്പാക്കണമെന്ന് ആവശ്യപ്പെടുകയുമുണ്ടായി. അദ്ധ്യാപക പാക്കേജ് പൂര്‍ണ്ണമായി നടപ്പാക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്നോക്കം പോകാനൊരുങ്ങുന്നു എന്ന വാര്‍ത്ത നിരാശാജനകമാണ്. ഇതുസംബന്ധമായി പൊതുചര്‍ച്ച നടത്തുകയും പാക്കേജ്, പഴുതുകളടച്ച് നടപ്പാക്കുകയും വേണമെന്ന് പരിഷത്ത് ആവശ്യപ്പെട്ടു.....

പ്രസ്താവന വിശദമായി അറ്റാച്ച്മെന്റിലുള്ള ഫയലില്‍ നിന്നും വായിക്കാം....

അദ്ധ്യാപക സംരക്ഷണ പാക്കേജ് യാഥാര്‍ത്ഥ്യമാക്കുക - പരിഷത്

ജോലി നഷ്ടപ്പെടല്‍ ഭീഷണിയുള്ള അദ്ധ്യാപകരുടെ ലിസ്റ്റില്‍ നിന്നും മാത്രമേ എയ്ഡഡ് സ്കൂളുകളിലെ പുതിയ അദ്ധ്യാപക നിയമനങ്ങള്‍ നടത്താവൂ എന്ന കെ.ഇ.ആര്‍ പരിഷ്കരണ സമിതി നിര്‍ദ്ദേശം നടപ്പാക്കുവാന്‍ സര്‍ക്കാര്‍ ജാഗ്രതകാട്ടണമെന്ന് പരിഷത് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. വെല്ലുവിളി നേരിടുന്ന കേരളത്തിലെ പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കാനുള്ള നിരവധി നിര്‍ദ്ദേശങ്ങള്‍ ഉള്ള കെ.ഇ.ആര്‍ പരിഷ്കരണ റിപ്പോര്‍ട്ട് ന്യൂനതകള്‍ പരിഹരിച്ച് അടിയന്തിരമായി നടപ്പാക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

പ്രസ്താവനയുടെ പൂര്‍ണ്ണരൂപം അറ്റാച്ച് ചെയ്തിരിക്കുന്നത് കാണുക.

ഏകാധ്യാപക വിദ്യാലയങ്ങള്‍ - കുട്ടികളുടെ പഠനം മുടങ്ങരുത്

സംസ്ഥാനത്തു പ്രവര്ത്തിക്കുന്ന മുന്നൂറോളം ഏകാധ്യാപക വിദ്യാലയങ്ങള്‍ അടച്ചുപൂട്ടാനുള്ള നീക്കത്തില് ശാസ്ത്രസാഹിത്യ പരിഷത്ത് പ്രതിഷേധിച്ചു. പ്രസ്താവനയുടെ പൂര്‍ണരൂപം അറ്റാച്ച് മെന്റില് വായിക്കുക.

ജനാധിജത്യ പ്രക്ഷോഭങ്ങളെ അടിച്ചമർത്തരുത് - പരിഷത്ത്

ജനാധിപത്യ പ്രക്ഷോഭങ്ങളെ
അടിച്ചമർത്തരുത് - പരിഷത്ത്
തിരുവനന്തപുരം: അഴിമതി തടയാൻ പര്യാപ്തമായ സമഗ്ര ലോക്പാൽ ബിൽ കൊണ്ടുവരാൻ ആവശ്യപ്പെട്ട് അന്നാ ഹസാരെയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തെ അടിച്ചമർത്തുന്നതിൻറെ ഭാഗമായി അദ്ദേഹത്തെ അറസ്റ്റു ചെയ്തതിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ശക്തമായി പ്രതിഷേധിക്കുന്നു. സമാധാനപരമായ സമരങ്ങൾപോലും അനുവദിക്കില്ലെന്ന കേന്ദ്രസർക്കാ
നിലപാട് അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണ്. അടിമുടി അഴിമതിയില്‍ മുങ്ങിനില്ക്കുന്ന സക്കാരിനെതിരെ എല്ലാവിഭാഗം ജനങ്ങളിൽ നിന്നും വ്യാപകമായ പ്രതിഷേധം ഉയന്നുവരികയാണ്. അഴിമതി തടയുന്നതിനുപകരം അഴിമതിക്കെതിരെയുള്ള പ്രതിഷേധം തടയാനാണ് സക്കാ ശ്രമിക്കുന്നത്.

PHOTO GALLERY

Syndicate content