സംസ്ഥാന പ്രവര്‍ത്തക ക്യാമ്പ്‌ കരുനാഗപ്പള്ളിയില്‍

സംസ്ഥാന പ്രവര്‍ത്തക ക്യാമ്പ്‌ കരുനാഗപ്പള്ളിയില്‍
കൊല്ലം: ഈ വര്‍ഷത്തെ സംസ്ഥാന പ്രവര്‍ത്തക ക്യാമ്പ്‌ സെപ്‌റ്റംബര്‍ 11, 12, 13 തീയതികളില്‍ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി ബോയ്‌സ്‌ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കും. ക്യാമ്പിന്റെ വിജയത്തിനായി സ്വാഗതസംഘം രൂപീകരിച്ചു. കരുനാഗപ്പള്ളി ടൗണ്‍ എല്‍ പി സ്‌കൂളില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ്‌ ഡോ. കാവുമ്പായി ബാലകൃഷ്‌ണന്‍ ജനറല്‍ സെക്രട്ടറി വി വിനോദ്‌, സംസ്ഥാന സെക്രട്ടറി പി വി വിനോദ്‌, കേന്ദ്ര നിര്‍വാഹക സമിതി അംഗം കെ വി വിജയന്‍ എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി ഭാരവാഹികളായി സി ദിവാകരന്‍ (സംസ്ഥാന ഭക്ഷ്യ സിവില്‍ സപ്ലൈസ്‌ വകുപ്പ്‌ മന്ത്രി), കെ സി വേണുഗോപാല്‍ എം പി, എന്‍ പീതാംബര കുറുപ്പ്‌ എം പി - മുഖ്യ രക്ഷാധികാരികള്‍, അഡ്വ. വി വി ശശീന്ദ്രന്‍, പി എം ഷരീഫ്‌, പി ആര്‍ വസന്തന്‍, ജെ കൃഷ്‌ണപിള്ള, മുനമ്പത്ത്‌ വഹാബ്‌, എസ്‌ എം ഷൗക്കത്ത്‌, കെ ശിവകുമാര്‍, വി പി ജയപ്രകാശ്‌ മേനോന്‍, ആര്‍ കമല്‍ദാസ്‌, പി കെ ഗോപന്‍-രക്ഷാധികാരികള്‍, കൊല്ലം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. കെ സോമപ്രസാദ്‌ -ചെയര്‍മാന്‍, കരുനാഗപ്പള്ളി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിന്ദു സജീവ്‌, ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്രൊഫ. ചന്ദ്രശേഖരപ്പിള്ള, ജില്ലാ പഞ്ചായത്തംഗം വിജയമ്മ ലാലി, എം സുഗതന്‍ -വൈസ്‌ ചെയര്‍മാന്‍മാര്‍, പി എസ്‌ സാനു ജനറല്‍ കണ്‍വീനര്‍, കെ ജി ശിവപ്രസാദ്‌, അഡ്വ. ശിവന്‍ പി കാട്ടൂര്‍, വി ചന്ദ്രശേഖരന്‍, എസ്‌ രാജശേഖര വാര്യര്‍-കണ്‍വീനര്‍മാര്‍ എന്നിവരെ തെരഞ്ഞെടുത്തു.
ക്യാമ്പിന്റെ സ്വാഗതസംഘം ഓഫീസ്‌ കരുനാഗപ്പള്ളി മിനി സിവില്‍ സ്റ്റേഷന്‌ തെക്കുവശത്തുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. സംസ്ഥാന ഭക്ഷ്യ സിവില്‍ സപ്ലൈസ്‌ മന്ത്രി സി ദിവാകരന്‍ ഉദ്‌ഘാടനം ചെയ്‌തു.
അനുബന്ധ പരിപാടിയായി ജൂലൈ 22, 23 തീയതികളില്‍ ജില്ലാതല വാനോത്സവം സംഘടിപ്പിച്ചു. യുവസംഗമം, മേല്‍മുണ്ട്‌ സമരത്തെ അനുസ്‌മരിച്ചുകൊണ്ടുള്ള സെമിനാര്‍ എന്നിവയോടൊപ്പം എല്ലാ മേഖലകളിലും വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍നടക്കും. മാധ്യമങ്ങളുടെ രാഷ്‌ട്രീയം (ഓച്ചിറ, ശാസ്‌താംകോട്ട), ജനകീയാസൂത്രണം ഒരു വ്യാഴവട്ടത്തിനു ശേഷം (ചാത്തന്നൂര്‍), ജുഡീഷ്യറി ആക്‌ടിവിസം പൊരുളും പതിരും (കൊല്ലം) ഡാര്‍വിനിസത്തിന്റെ കാലിക പ്രസക്തി (ചടയമംഗലം), കേരളത്തിലെ വിദ്യാഭ്യാസം പ്രതിസന്ധികള്‍ പ്രതീക്ഷകള്‍ (കുണ്ടറ), പരിസ്ഥിതിയും വികസനവും (കൊട്ടാരക്കര) എന്നിങ്ങനെയാണ്‌ സെമിനാറുകള്‍ നടക്കുക.
ആഗസ്റ്റ്‌ 16ന്‌ ഏകദിന പുസ്‌തക കാമ്പെയ്‌ന്‍ നടക്കും. കാമ്പെയിന്റെ വിജയത്തിനായി 40 യൂനിറ്റുകളില്‍ യൂനിറ്റുതല സംഘാടക സമിതികള്‍ രൂപീകരിച്ചു. ക്യാമ്പിന്റെ പ്രചരണാര്‍ത്ഥം ആഗസ്റ്റ്‌ 27 മുതല്‍ 31 വരെ ശാസ്‌ത്രകരോള്‍ സംഘടിപ്പിക്കും.
വിവിധ ജില്ലകളില്‍ നിന്നായി 200 പ്രവര്‍ത്തകര്‍ പ്രവര്‍ത്തക ക്യാമ്പില്‍ പങ്കെടുക്കും. നാളത്തെ കേരളം എന്നതാണ്‌ ക്യാമ്പിന്റെ പൊതു പ്രമേയം. കേരളം പിന്നിട്ട പാതയും ഭാവി സാധ്യതകളും, സമകാലിക ലോകം-ഇന്ത്യ, വിവിധ രംഗങ്ങളിലെ പരിഷത്ത്‌ ഇടപെടലുകള്‍ തുടങ്ങിയവ ക്യാമ്പില്‍ ചര്‍ച്ച ചെയ്യും. പരിഷത്ത്‌ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഭാവിയില്‍ സ്വീകരിക്കേണ്ട പൊതു കാഴ്‌ചപ്പാടിനെക്കുറിച്ച്‌ കൃത്യമായ ദിശാബോധം ക്യാമ്പില്‍ രൂപീകരിക്കും. അതനുസരിച്ച്‌ സൂക്ഷ്‌മതലത്തില്‍ ഓരോ മേഖലയിലും ഏറ്റെടുക്കാവുന്ന പ്രവര്‍ത്തനങ്ങളുടെ സാധ്യതകള്‍ ചര്‍ച്ച ചെയ്യും.