ശബരിമല: ജനങ്ങളോട് സത്യം പറയുക
ശബരിമലയില്‍ മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ചുണ്ടായ തീക്കിലും തിരക്കിലും പെട്ട് നൂറിലധികം ആളുകള്‍ കൊല്ലപ്പെട്ടത് അങ്ങേയറ്റം ദുഖകരവും നിര്‍ഭാഗ്യകരവുമാണ്. മരണപ്പെട്ടവരുടെ ബന്ധുജനങ്ങളുടെ ദുഖത്തില്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്തും പങ്ക് ചേരുന്നു.
യഥാര്‍ത്ഥത്തില്‍ ഇത്തരമൊരു ദുരന്തം നാം ക്ഷണിച്ചുവരുത്തിയതാണ്. ഇതാദ്യമായല്ല ശബരിമലയില്‍ ഇത്തരം കൂട്ടമരണങ്ങള്‍ അരങ്ങേറുന്നത്. മകരവിളക്ക് ദിവസം പൊന്നമ്പലമേട്ടില്‍ തെളിയുന്ന പ്രകാശം മനുഷ്യനിര്‍മ്മിതമാണെന്ന് എല്ലാവരും തുറന്ന് സമ്മതിക്കുന്ന കാര്യമാണ്. എല്ലാവര്‍ക്കും അറിയാവുന്ന ഇക്കാര്യങ്ങള്‍ ഒദ്യോഗികമായി മാത്രം മറച്ചുവെക്കുകയും ദിവ്യജ്യോതിസ് തെളിയുന്നുവെന്ന് പ്രചരണം നടത്തി, വനാന്തര്‍ഭാഗത്തുള്ള ക്ഷേത്രത്തിലേക്ക് കോടിക്കണക്കിന് നിഷ്കളങ്കരായ ഭക്തരെ ആകര്‍ഷിക്കുകയും ചെയ്യുന്ന പരിപാടി ശാസ്ത്രബോധമുള്ള ഒരു പരിഷ്കൃത സമൂഹത്തില്‍ നടക്കാന്‍ പാടില്ലാത്തതാണ്.
അങ്ങനെ നോക്കിയാല്‍ വ്യാജ പ്രചരണങ്ങളിലൂടെ ഒരു കാനനപ്രദേശത്തിന് ഉള്‍ക്കൊള്ളാവുന്നതിലും അധികം ജനങ്ങളെ അവിടേക്കെത്തിച്ച ദേവസ്വം ബോര്‍ഡിനും അതിന് എല്ലാ അനുമതിയും പിന്തുണയും നല്‍കുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും ഇത്തരം വ്യാജപ്രചരണങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്ന മാദ്ധ്യമങ്ങള്‍ക്കും ഈ കൂട്ടക്കൊലയില്‍ പങ്കുണ്ട്.
ജനങ്ങളോട് സത്യം തുറന്നു പറയുക എന്നതാണ് ഒന്നാമതായി ചെയ്യേണ്ടത്. അതോടൊപ്പം ഇടത്താവളങ്ങള്‍ ശക്തിപ്പെടുത്തി, ജനപ്രവാഹത്തെ നിയന്ത്രിക്കുകയും വേണം.
കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കാത്തത് മൂലം വനഭൂമിയില്‍ ആവശ്യമായ പശ്ചാത്തല സൌകര്യങ്ങള്‍ ഒരുക്കാന്‍ കഴിയാതിരുന്നതും കാനനപ്പാതകള്‍ ആവശ്യാനുസരണം വികസിപ്പിക്കാതിരുന്നതുമാണ് അപകടകാരണങ്ങളെന്ന വാദം മറ്റൊരപകടത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ശബരിമലയില്‍ അവശേഷിക്കുന്ന കാട് കൂടി വെട്ടിമാറ്റി അവിടെ റോഡും ഫ്ലാറ്റും മണിമന്ദിരങ്ങളും നിര്‍മ്മിക്കാന്‍ 'പുത്തന്‍ വികസനക്കാര്‍' കാത്തുകെട്ടി നില്‍ക്കുന്നുണ്ട്. ഏത് രീതിയില്‍ നോക്കിയാലും വളരെയേറെ പ്രാധാന്യമുള്ള ഈ വനപ്രദേശം ഇപ്പോള്‍ തന്നെ വേണ്ടതിലേറെ കയ്യേറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും മറ്റും സാധാരണക്കാര്‍ പോലും ചര്‍ച്ചചെയ്തുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ഒരു ദുരന്തത്തിന്റെ മറപിടിച്ച് ഇനിയും കാടുവെട്ടലിന് അവസരമൊരുക്കരുതെന്നും പരിഷത് ആവശ്യപ്പെടുന്നു.
17-01-2011
ഡോ. കാവുമ്പായി ബാലകൃഷ്ണന്‍ ടി. പി ശ്രീശങ്കര്‍
പ്രസിഡന്റ് ജന: സെക്രട്ടറി
പരിഷത് പ്രവര്‍ത്തകരായ രണ്ട് സുഹൃത്തുക്കല്‍ മകരവിളക്ക് അഥവാ മകരജ്യോതി എന്ന തിന്റെ പൊള്ളത്തരം തുറന്നുകാട്ടുന്നതിനായി തയ്യാറാക്കിയ റിപ്പോര്‍ട്ടുകള്‍ ഈ ലിങ്കുകളില്‍ നിന്ന് വായിക്കാം.
- Categories:
- Districts:
- tags:
- alappuzha's blog
- Login or register to post comments
- Printer-friendly version
- Send to friend



