വേണം മറ്റൊരു കേരളം

വരുന്നു ഗലീലിയോ ശാസ്‌ത്രത്തിന്റെ ശുഭാപ്‌തി വിശ്വാസവുമായി

സുഹൃത്തേ,
? എന്റെ പുസ്‌തകങ്ങള്‍ ചുട്ടെരിച്ചോട്ടെ, എന്നാല്‍ അങ്ങാടിയില്‍ സാധാരണക്കാര്‍, കൂലിവേലക്കാരും മീന്‍കച്ചവടക്കാരും ജ്യോതിശ്ശാസത്രത്തെക്കുറിച്ച്‌, ആകാശഗോളങ്ങളെക്കുറിച്ച്‌ ചര്‍ച്ച ചെയ്യുന്ന ഒരു കാലം വരും. താമസിയാതെ തന്നെ?. എന്നു പ്രവചിച്ച ഗലീലിയോയുടെ ജീവിതത്തെ ആധാരമാക്കി ബര്‍തോള്‍ഡ്‌ ബ്രഹ്‌ത്ത്‌ രചിച്ച നാടകത്തിന്റെ സ്വതന്ത്രപുനരാഖ്യാനം അരങ്ങിലെത്തുകയാണ്‌. ഗലീലിയോ തന്റെ ടെലസ്‌കോപ്പ്‌ ആകാശത്തേക്ക്‌ തിരിച്ചുവച്ച്‌ കോപ്പര്‍നിക്കസിന്റെ സൂര്യകേന്ദ്രസിദ്ധാന്തത്തിന്‌ തെളിവുകണ്ടെത്തിയതിന്റെ 400-ാം വാര്‍ഷികമായി 2009-ാംമാണ്ട്‌ ലോകമെമ്പാടും ആഘോഷിക്കുന്നതിന്റെ ഭാഗമായാണ്‌ ഈ നാടകം പരിഷത്ത്‌ അവതരിപ്പിക്കുന്നത്‌.
സ്വന്തം കഴിവിലുള്ള വിശ്വാസത്തില്‍ നിന്ന്‌ അവിശ്വാസത്തിലേക്കും, അതില്‍ നിന്ന്‌ അന്ധവിശ്വാസത്തിലേക്കും മനുഷ്യര്‍ വഴുതി വീണുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്‌. ഒരു വശത്ത്‌ അമേരിക്കന്‍ ഐക്യനാടുകളുടെ കീഴിലുള്ള ലോകസാമ്രാജ്യത്വം വികസര രാജ്യങ്ങളെ മൃഗീയമായി ചൂഷണം ചെയ്യുന്നത്‌ തുടരുന്നു. മറുവശത്ത്‌, മാനവരാശിയുടെ മാത്രമല്ല ലോകത്തുള്ള സകല ജീവജാലങ്ങളുടേയും നിലനില്‍പ്പിനെ ചോദ്യം ചെയ്യുന്ന രീതിയില്‍ കാലാവസ്ഥാ വ്യതിയാനം സൃഷ്‌ടിക്കും വിധം മാലിന്യ വിസര്‍ജ്ജനം നടത്തുന്നു. ഇതെല്ലാമാണ്‌ പുരോഗതിയെന്നും മുതലാളിത്ത ഉപഭോഗ സംസ്‌കാരമാണ്‌ ലോകോത്തരം എന്നും വികസ്വര രാജ്യങ്ങളിലെ സാധാരണക്കാരെ പോലും വിശ്വസിപ്പിക്കുന്നതിന്‌ സാമ്രാജ്യത്വത്തിന്‌ കഴിയുന്നു. അങ്ങനെ ലോകമാകെ ഒരു പാരിസ്ഥിതിക-സാമ്പത്തിക സാംസ്‌കാരിക ദുരന്തത്തിലേക്ക്‌ വഴുതി വീണുകൊണ്ടിരിക്കുകയാണെന്ന്‌ ബഹുഭൂരിപക്ഷം ശാസ്‌ത്രജ്ഞരും ചിന്തകരും തിരിച്ചറിയുന്നു. ഈ ദുരന്തത്തില്‍ നിന്ന്‌ മാനവരാശിക്ക്‌ രക്ഷപ്പെടാനാകില്ലെന്ന്‌ കൂടുതല്‍ കൂടുതല്‍ പേര്‍ വിശ്വസിക്കാന്‍ തുടങ്ങിയിരിക്കുന്നു. ശുഭാപ്‌തി വിശ്വാസം നഷ്‌ടപ്പെട്ട ഒരു സമൂഹമായി മാനവരാശി മാറുന്നു.
കേരളത്തിലാവട്ടെ ഗൗരവമായ സംവാദങ്ങള്‍ക്കു പകരം വിവാദങ്ങള്‍ അരങ്ങു തകര്‍ക്കുന്നു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വര്‍ധിത വീര്യത്തോടെ തിരിച്ചുവരുന്നു. ജാതീയതയും വര്‍ഗ്ഗീയതയും വിശ്വരൂപം പ്രദര്‍ശിപ്പിച്ചു തുടങ്ങുന്നു. ധനാകര്‍ഷണ യന്ത്രങ്ങളും സാരസ്വത ലേഹ്യങ്ങളും വന്‍തോതില്‍ ജനങ്ങളെ ആകര്‍ഷിക്കുന്നു. അക്ഷയതൃതീയയും അഷ്‌ടപഞ്ചമിയും ലാഭേച്ഛയോടെ കടന്നുവരുന്നു. എല്ലാരംഗത്തും യുക്തിരാഹിത്യം പിടിമുറുക്കുന്നു. ജാതിമത സാമുദായിക ശക്തികള്‍ എല്ലാ രംഗങ്ങളിലും അധീശത്വം ഉറപ്പിക്കുന്നു. ഭരണകൂടങ്ങളെപ്പോലും വെല്ലുവിളിക്കും വിധം പൗരോഹിത്യം വളര്‍ന്നിരിക്കുന്നു.
ഈ സന്ദര്‍ഭത്തില്‍ അനിവാര്യമായ ശുഭാപ്‌തി വിശ്വാസം പകരുന്നതാണ്‌ ഗലീലിയോ ഗലീലിയുടെ ജീവിത കഥ. ഭൂമി ഉരുണ്ടതാണെന്നും അത്‌ സൂര്യനെ വട്ടം ചുറ്റുകയാണെന്നും പറഞ്ഞതിന്‌ ജിയാര്‍ദ്ദാനോ ബ്രൂണോവിനെ പള്ളിമേധാവികള്‍ ചുട്ടെരിച്ചകാലം. എല്ലാവിധ സ്വതന്ത്രചിന്തകളും നിഷേധിച്ചിരുന്ന യൂറോപ്പ്‌, അവിടെനിന്നാണ്‌ ഗലീലിയോയുടെ ശബ്‌ദമുയരുന്നത്‌. ?കര്‍ദ്ദിനാളന്മാരും ബിഷപ്പന്മാരും എന്തു തന്നെ പറഞ്ഞാലും ഭൂമി സൂര്യനെ വട്ടം ചുറ്റിക്കൊണ്ടേയിരിക്കും? ഗലീലിയോ പ്രഖ്യാപിച്ചു.
അറിവിന്റെ , ശാസ്‌ത്രത്തിന്റെ അന്തിമവിജയത്തില്‍ തികഞ്ഞ ശുഭാപ്‌തി വിശ്വാസിയായിരുന്നു ഗലീലിയോ. ആ ശുഭാപ്‌തിവിശ്വാസം കൈയ്യാളാന്‍ നമുക്ക്‌ കഴിയണം. ശൂഭാപ്‌തി വിശ്വാസത്തിനു മാത്രമെ ജനങ്ങളെ കര്‍മ്മ നിരതരാക്കാനാകൂ. കര്‍മ്മത്തിലൂടെ മാത്രമെ മോചനം സാധ്യമാകൂ.
ആസന്നമായ ദുരന്തങ്ങളില്‍ നിന്ന്‌, യുദ്ധവും കാലാസ്ഥാമാറ്റവും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ജാതീയതയും വര്‍ഗ്ഗീയതയും സൃഷ്‌ടിക്കുന്ന ദുരന്തങ്ങളില്‍ നിന്ന്‌ ശാസ്‌ത്രീയമായ അറിവിന്റെ സഹായത്തോടെ സ്വയം രക്ഷിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമാണ്‌ ഗലീലിയോ ഗലീലിയുടെ ജീവിതം നല്‍കുന്ന സന്ദേശം. ഇത്‌ കൂടുതല്‍ ജനഹൃദയങ്ങളിലേക്ക്‌ പ്രസരിപ്പിക്കാന്‍ നമുക്ക്‌ കഴിയണം.

സ്‌നേഹത്തോടെ,
വി വിനോദ്‌
ജനറല്‍ സെക്രട്ടറി

PHOTO GALLERY