മാസികാ ഓണ്‍ലൈന്‍ സംവിധാനം പ്രവര്‍ത്തനസജ്ജമാവുന്നു

നമ്മുടെ ആനുകാലികങ്ങള്‍ക്ക്‌ വരിക്കാരാകുന്നതിന്‌ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തുക എന്നത്‌ കുറേക്കാലമായുള്ള ആഗ്രഹമാണ്‌. Osumasy- Online Subscribers Management System എന്ന പേരില്‍ പുതിയ സോഫ്‌റ്റ്‌വെയര്‍ അതിനായി തയ്യാറാക്കിയിരിക്കുകയാണ്‌. ആദ്യഘട്ടത്തില്‍ ജില്ലകളില്‍ നിന്നും മാസികാ വിലാസം അയയ്‌ക്കാനുള്ള സൗകര്യമാണ്‌ ഏര്‍പ്പെടുത്തുന്നത്‌. തുടര്‍ന്ന്‌ മേഖലകള്‍ക്കും യൂനിറ്റുകള്‍ക്കും വിലാസം നേരിട്ട്‌ അയയ്‌ക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്താന്‍ കഴിയും. അപ്പോള്‍ മേല്‍ ഘടകങ്ങള്‍ക്കുള്ള വിഹിതം കൂടി മാസികാ ഓഫീസില്‍ വാങ്ങി വര്‍ഷാവസാനം ജില്ലകള്‍ക്ക്‌ നല്‍കുന്നതായിരിക്കും. വ്യക്തികള്‍ക്ക്‌ നേരിട്ട്‌ വരിക്കാരാകാനുള്ള സൗകര്യം പിന്നീട്‌ ഏര്‍പ്പെടുത്തുന്നതാണ്‌.
വരിക്കാര്‍ക്ക്‌ മാസിക വേഗത്തിലും കൃത്യമായും അയയ്‌ക്കുന്നതിനും പരാതികള്‍ കുറെയേറെ പരിഹരിക്കുന്നതിനും ഈ സംവിധാനം പ്രാവര്‍ത്തികമാക്കുന്നതിലൂടെ കഴിയുന്നതാണ്‌.
ഇപ്പോള്‍ വരിക്കാര്‍ക്ക്‌ പണമടച്ച്‌ രണ്ടുമാസം കഴിഞ്ഞുമാത്രമാണ്‌ മാസിക അയയ്‌ക്കുന്നത്‌. ഇനി മുതല്‍ വിലാസം ലഭിച്ച്‌ അടുത്ത ലക്കം മുതല്‍ കോപ്പി അയയ്‌ക്കാന്‍ കഴിയുന്നതാണ്‌.
കൂടാതെ വരിക്കാര്‍ക്ക്‌ അവരുടെ റസീറ്റ്‌ നമ്പറോ റാപ്പറില്‍ അച്ചടിച്ചു വരുന്ന രജിസ്‌ട്രേഷന്‍ നമ്പറോ ഉപയോഗിച്ച്‌ തന്റെ വിലാസമുണ്ടോ, എത്ര ലക്കം അയച്ചു, ഇനി എത്ര ലക്കം ലഭിക്കും എന്നീ കാര്യങ്ങള്‍ ഇന്റര്‍നെറ്റിലൂടെ അറിയാന്‍ സാധിക്കും.
വരിക്കാരുടെ ഇ മെയില്‍ വിലാസം ഉണ്ടെങ്കില്‍ മാസിക അയയ്‌ക്കുന്നതിനുള്ള റാപ്പര്‍ അച്ചടിക്കുന്ന സമയത്തു തന്നെ ഇന്ന ദിവസം മാസിക അയയ്‌ക്കുമെന്ന്‌ സന്ദേശം അയയ്‌ക്കുന്നതാണ്‌. അതുകൊണ്ട്‌ എല്ലാ വിലാസത്തിലും ഇ മെയില്‍ വിലാസം (രക്ഷിതാവിന്റേതായാലും മതി) ഉണ്ടെങ്കില്‍ ചേര്‍ക്കാന്‍ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കേണ്ടതാണ്‌.
2009 നവംബര്‍ 15 മുതല്‍ ഓണ്‍ലൈന്‍ സംവിധാനം പ്രാവര്‍ത്തികമാക്കാന്‍ കഴിയുമെന്ന്‌ പ്രതീക്ഷിക്കുന്നു. ഇതിന്റെ ഭാഗമായി ജില്ലാതല പ്രവര്‍ത്തകര്‍ക്കുള്ള പരിശീലനം കോഴിക്കോട്ടും ആലപ്പുഴയിലുമായി പൂര്‍ത്തിയായി. സംസ്ഥാനത്ത്‌ ഇതുവരെ ലഭിച്ച വിലാസങ്ങള്‍ പുതിയ സോഫ്‌റ്റ്‌വെയറിലേക്ക്‌ ഡാറ്റാ എന്‍ട്രി നടത്തുന്ന പ്രവര്‍ത്തനം നടന്നുവരുന്നു. അത്‌ പൂര്‍ത്തിയായാലുടന്‍ ജില്ലകള്‍ക്ക്‌ പുതിയ പാസ്‌വേര്‍ഡ്‌ അവരുടെ ഇ മെയില്‍ വിലാസത്തില്‍ ലഭിക്കുന്നതാണ്‌. അതുപയോഗിച്ചു മാത്രമേ ജില്ലകള്‍ക്ക്‌ Osumasy യില്‍ പ്രവേശിക്കാന്‍ കഴിയുകയുള്ളൂ. kssptvm, ksspklm, kssppta, ksspalp, ksspktm, ksspidk, ksspekm, kssptsr, kssppkd, ksspmlp, ksspkkd, ksspwyd, ksspknr, ksspksd എന്നിങ്ങനെയാണ്‌ ജില്ലകള്‍ക്ക്‌ യൂസര്‍ ഐഡി നല്‍കിയിരിക്കുന്നത്‌.
പേര്‌, രക്ഷിതാവിന്റെ പേര്‌, വീട്ടുവിലാസം, ഇ-മെയില്‍, ഫോണ്‍ നമ്പര്‍, എന്നിവ മാത്രമാണ്‌ ടൈപ്പ്‌ ചെയ്യേണ്ടത്‌. മേഖല, യൂണിറ്റ്‌, വരിക്കാരന്റെ ജില്ല, പോസ്റ്റോഫീസ്‌ (പിന്‍കോഡ്‌ സഹിതം), ഏതു മാസിക, എന്നീ കാര്യങ്ങള്‍ തെരഞ്ഞെടുത്തു ചേര്‍ക്കാന്‍ കഴിയും. ഒരു വിലാസം അടിക്കുമ്പോള്‍ അതേ പേരില്‍ നേരത്തെ അടിച്ച പേരുകള്‍ താഴെ കാണിക്കുന്നതാണ്‌. ഇതു ശ്രദ്ധിച്ചാല്‍ ഒരേ വിലാസം വീണ്ടും അടിക്കുന്നത്‌ ഒഴിവാക്കാന്‍ കഴിയും. ഒരു വിലാസം അടിച്ചു കഴിഞ്ഞാല്‍ മേഖലയുടേയും യൂണിറ്റിന്റേയും പേരുകള്‍ ഫീല്‍ഡില്‍ മാറാതെ കിടക്കും. ആവശ്യമുള്ളിടത്ത്‌ മാറ്റം വരുത്താന്‍ മറക്കരുത്‌. ടാബ്‌ കീ ഉപയോഗിച്ച്‌ അടുത്ത ഫീല്‍ഡിലേക്ക്‌ മാറാന്‍ കഴിയും. വിലാസം അടിക്കുന്നതിന്‌ വേഗത കിട്ടുന്നതിന്‌ കീബോര്‍ഡ്‌ മാത്രം ഉപയോഗിച്ച്‌ ചെയ്യാവുന്ന സൗകര്യമുണ്ട്‌. ഇനീഷ്യലും, Dr, Adv എന്നീ വിവരങ്ങളും പേരിനും ശേഷം മാത്രമേ ചേര്‍ക്കാവൂ. പിന്നീട്‌ വരിക്കാരുടെ വിവരം തെരയുന്നതിന്‌ ഇത്‌ അത്യാവശ്യമാണ്‌. ഒരു ബാച്ചിലുള്ള വിലാസം മുഴുവന്‍ അടിച്ചു കഴിഞ്ഞാല്‍ വിഹിതം കഴിച്ച്‌ സംസ്ഥാനത്തു നല്‍കേണ്ട തുക സ്‌ക്രീനില്‍ കാണിക്കും. ഒരു ബാച്ചിലുള്ള വിലാസം അയച്ചു കഴിഞ്ഞാല്‍ അതിന്റെ തുക മാസികയുടെ അക്കൗണ്ടില്‍ വന്നുവെന്നുറപ്പായാല്‍ അഡ്‌മിനിസ്‌ട്രേറ്റര്‍ അംഗീകരിക്കുന്നതോടുകൂടി വരിക്കാരുടെ വിലാസം മെയ്‌ലിംഗ്‌ ലിസ്റ്റില്‍ ചേര്‍ക്കപ്പെടും. തുക ലഭിച്ച്‌ അംഗീകരിക്കുന്നതുവരെ വിലാസം പെന്‍ഡിംഗ്‌ ലിസ്റ്റിലായിരിക്കും ഉണ്ടാവുക.
വളരെ കുറഞ്ഞ ചെലവില്‍ തുക ഞൊടിയിടയില്‍ കൈമാറുന്നതിനുള്ള നൂതന മാര്‍ഗമാണ്‌ NEFT (National Electronic Funds Transfer) ഒരു ലക്ഷത്തിനു മുകളിലുള്ള തുകയാണെങ്കില്‍ RTGS (Real Time Gross Settlement) വഴി അയയ്‌ക്കാം. കോര്‍ ബാങ്കിംഗ്‌ സൗകര്യമുള്ള ഒരു ബാങ്ക്‌, ശാഖയില്‍ നിന്നും ഈ സൗകര്യമുള്ള മറ്റൊരു ബാങ്കിലേക്കോ, ശാഖയിലേക്കോ ആണ്‌ ഈ രീതിയില്‍ പണമയക്കാന്‍ കഴിയുക. ഏതു ബാങ്ക്‌/ശാഖയിലേക്കാണോ പണമയക്കുന്നത്‌ ആ ബാങ്കിന്റെ IFSC കോഡ്‌ ചലാനില്‍ രേഖപ്പെടുത്തേണ്ടതുണ്ട്‌.
ജില്ലയുടെ എസ്‌ ബി അക്കൗണ്ടില്‍ തുക അടച്ചശേഷം മാസികയുടെ എസ്‌ ബി അക്കൗണ്ടിലേക്ക്‌ ചെക്കു നല്‍കി തുക മാറുന്ന രീതിയാണ്‌ സ്വീകരിക്കേണ്ടത്‌. ഇതിനുള്ള RTGS/NEFT ചലാന്‍ അച്ചടിച്ച്‌ ജില്ലകള്‍ക്ക്‌ അയച്ചിട്ടുണ്ട്‌. പണം കൈമാറ്റം ചെയ്യാനുള്ള ബാങ്കിന്റെ നടപടി ക്രമം പൂര്‍ത്തിയായാലുടന്‍ ആ ഇടപെടലിന്റെ UTR (Unique Transaction Receipt) നമ്പര്‍ ലഭ്യമാവും. ഈ നമ്പര്‍ പ്രത്യേകം ചോദിച്ചു വാങ്ങിക്കേണ്ടതാണ്‌. വിലാസം ഓണ്‍ലൈനില്‍ അയയ്‌ക്കുമ്പോള്‍ ഈ UTR നമ്പറും തുക കൈമാറ്റം ചെയ്‌ത തീയതിയും നിര്‍ബന്ധമായും ചേര്‍ക്കണം.
കുറ്റമറ്റ രീതിയില്‍ ഈ സംവിധാനം നടപ്പിലാക്കുന്നതിന്‌ ജില്ലകളില്‍ ചില തയ്യാറെടുപ്പുകള്‍ ഉടനെ പൂര്‍ത്തിയാക്കേണ്ടതുണ്ട്‌.
1. ജില്ലകള്‍ക്ക്‌ ഉപയോഗിക്കുന്ന ഇ മെയില്‍ വിലാസമുണ്ടാവണം.
2. ജില്ലയിലെ കമ്പ്യൂട്ടറില്‍ ഇന്റര്‍നെറ്റ്‌ സൗകര്യമുണ്ടാക്കണം.
3. കോര്‍ ബാങ്കിംഗ്‌ സൗകര്യമുള്ള ഒരു ബാങ്ക്‌/ശാഖയില്‍ ജില്ലയ്‌ക്ക്‌ എസ്‌ ബി അക്കൗണ്ട്‌ ഉണ്ടായിരിക്കണം.
പ്രവര്‍ത്തകര്‍ക്ക്‌ ഇതു സംബന്ധിച്ചുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിക്കണമെന്ന്‌ അഭ്യര്‍ഥിക്കുന്നു.
നമ്മുടെ സംഘടനയുടെ വെബ്‌സൈറ്റായ kssp.in മായി ബന്ധിപ്പിച്ചാണ്‌ ഈ സംവിധാനം പ്രവര്‍ത്തിപ്പിക്കുക. ഇന്റര്‍നെറ്റ്‌ ബ്രൗസറില്‍ http://sms.kssp.in എന്നു ടൈപ്പ്‌ ചെയ്‌താല്‍ Osumasy യുടെ ജാലകം ലഭിക്കും.
മാനേജിംഗ്‌ എഡിറ്റര്‍