ദുരിതക്കയത്തിലാഴ്‌ത്താന്‍ ഒരു കരാറുകൂടി
ദുരിതക്കയത്തിലാഴ്‌ത്താന്‍ ഒരു കരാറുകൂടി
സുഹൃത്തേ,
വയനാട്ടിലെ കര്‍ഷകന്റെ തോരാത്ത കണ്ണു നീര്‍, ആത്മഹത്യയിലഭയം തേടിയ കര്‍ഷക കുടുംബങ്ങള്‍, വിദര്‍ഭയിലും അനന്തപൂരിലും ജീവിതം അവസാനിപ്പിച്ച കൃഷീവലര്‍, മണ്ണ് തിന്ന് വിശപ്പടക്കിയ കുട്ടികള്‍, മരത്തിന്റെ തോല് തിന്ന് വിശപ്പകറ്റിയവര്‍. സാമ്പത്തിക ഉദാരവത്‌കരണം വരച്ചുചേര്‍ത്ത ഇന്ത്യന്‍ ചിത്രങ്ങളാണിവ. ഈ ചിത്രങ്ങള്‍ കടുത്ത വര്‍ണ്ണങ്ങളില്‍ വീണ്ടും കടന്നുവരുന്നു. കേന്ദ്രഭരണകൂടം ഒപ്പുവക്കാനിരിക്കുന്ന ആസിയന്‍ കരാറാണ് ഈ ചിത്രങ്ങളില്‍ വീണ്ടും ചായം പുരട്ടുന്നത്.
1967 ല്‍ അഞ്ചു രാജ്യങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ചതും പിന്നീട് വിപുലീകരിച്ച് പത്ത് രാജ്യങ്ങളുള്‍പ്പെടുന്ന സഖ്യമായി മാറിയതുമായ ആസിയന്‍ കൂട്ടായ്‌മയുമായി സ്വതന്ത്രവ്യാപാര കരാറില്‍ ഏര്‍പ്പെടാന്‍ ഇന്ത്യാ ഗവണ്‍മെന്റ് തീരുമാനിച്ചിരിക്കുന്നു. ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീന്‍സ്, സിംഗപ്പൂര്‍, തായ്‌ലന്റ്, ബ്രൂണെ, കമ്പോഡിയ,ലാവോസ്, മ്യാന്‍മര്‍, വിയറ്റ്‌നാം എന്നീ രാജ്യങ്ങളാണ് ഈ കൂട്ടായ്‌മയിലുള്ളത്. വരുന്ന ഒക്‌ടോബറില്‍ തായ്‌ലന്റിലെ ഫുക്കെറ്റില്‍ നടക്കുന്ന നാലാമത് കിഴക്കനേഷ്യന്‍ ഉച്ചകോടിയില്‍ കരാര്‍ ഒപ്പു വെക്കാനാണ് തീരുമാനം. കരാര്‍ നിലവില്‍ വരുന്നതോടെ കാര്‍ഷികോല്‍പ്പന്നങ്ങളടക്കം നാലായിരത്തിലേറെ ഉല്‍പ്പന്നങ്ങള്‍ തീരുവ കൂടാതെ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാന്‍ വഴിയൊരുക്കും. 2010 ജനുവരിയോടെ കരാര്‍ നടപ്പില്‍ വരും.
കരാര്‍ ഒപ്പുവെക്കാനുള്ള തീരുമാനം ഏറ്റവും കൂടുതല്‍ ബാധിക്കുക കേരളത്തിലെ കര്‍ഷകരേയും മത്സ്യത്തൊഴിലാളികളേയുമാണ്. പരമ്പരാഗത വ്യവസായ മേഖലക്കും കരാര്‍ ദോഷകരമാണ്. കുരുമുളക്, റബ്ബര്‍, പാമോയില്‍, തേയില, കശുവണ്ടി, പൈനാപ്പിള്‍ തുടങ്ങിയ കാര്‍ഷികോത്‌പന്നങ്ങളും ചൂരമത്സ്യമുള്‍പ്പെടെയുള്ള സമുദ്രോത്‌പന്നങ്ങളും ഇറക്കുമതി ചെയ്യാവുന്നവയുടെ പട്ടികയിലുണ്ട്. ആസിയാന്‍ കൂട്ടായ്‌മയിലുള്ള പത്ത് രാജ്യങ്ങളില്‍ സിംഗപ്പൂര്‍ ഒഴികെയുള്ള എല്ലാ രാജ്യങ്ങളും കാര്‍ഷിക മേഖലയെ ആശ്രയിക്കുന്നവയാണ്. റബ്ബര്‍, പാമോയില്‍, കുരുമുളക് എന്നിവയുടെ പ്രധാന ഉല്‍പാദക രാജ്യങ്ങളുമാണിത്. അതുകൊണ്ടുതന്നെ കരാര്‍ നടപ്പിലാകുന്നതോടെ കുറഞ്ഞ വിലയ്‌ക്ക് കാര്‍ഷികോത്‌പന്നങ്ങള്‍ ഇന്ത്യയിലേക്ക് ഒഴുകും. ഇത് ഇന്ത്യന്‍ കര്‍ഷകരുടെ വിശിഷ്യ കേരള കര്‍ഷകരുടെ നടുവൊടിക്കും.
കേരള കര്‍ഷകരുടെ ജീവിതത്തെ കുടുതല്‍ ദുരിതമയമാക്കുന്ന, മത്സ്യത്തൊഴിലാളികളെ വറുതിയിലേക്ക് തള്ളിവിടുന്ന ഈ കരാറിലൂടെ ലാഭം കൊയ്യാന്‍ കാത്തുനില്‍ക്കുന്ന വന്‍കിട കോര്‍പ്പറേറ്റുകളാണത്രേ കരാര്‍ ഒപ്പിടുന്നതിന് സര്‍ക്കാരിനെ നിര്‍ബന്ധിക്കുന്നത്. എണ്ണ, പ്രകൃതിവാതകം, ഊര്‍ജ്ജോത്‌പാദനം-വിതരണം, ഐ.ടി, ജൈവ സാങ്കേതികവിദ്യ, മരുന്നുകള്‍, കെട്ടിട നിര്‍മ്മാണം, വിനോദ വ്യവസായങ്ങള്‍, ധനകാര്യസ്ഥാപനങ്ങള്‍, ആരോഗ്യം എന്നീ മേഖലകളിലും കരാര്‍ സഹകരണമുറപ്പാക്കുന്നു. അതിലൂടെ ഭീമന്‍ കോര്‍പ്പറേറ്റുകള്‍ക്ക് വിപണി സാധ്യതയും അസംസ്‌കൃതവസ്‌തുക്കളുടെ ലഭ്യതയും ഉറപ്പുവരുത്തുന്നു.
ദരിദ്രകര്‍ഷകന്റേയും മത്സ്യത്തൊഴിലാളികളുടേയും ജീവിതത്തെ ദുരിതത്തിലാഴ്‌ത്തി വന്‍കിട ഭീമന്‍മാര്‍ക്ക് ലാഭം കൊയ്യാനുള്ള അവസരമൊരുക്കുകയാണ് ഈ കരാറും. ഗാട്ട് കരാറുള്‍പ്പെടെയുള്ള സാമ്പത്തിക ഉദാരവത്‌കരണ നടപടികള്‍ നടുവൊടിച്ച ഇന്ത്യന്‍ കര്‍ഷകന് ലഭിക്കുന്ന `ബോണസാ'യി ആസിയന്‍ കരാര്‍ മാറുകയാണ്.
കേരളത്തിന്റെ കാര്‍ഷിക മേഖലയെ ശവപ്പറമ്പാക്കി മാറ്റുന്ന ഈ കരാറിനെതിരെ അതിശക്തമായ ജനകീയ ചെറുത്തു നില്‌പുകള്‍ ഉയര്‍ന്നു വരേണ്ടതുണ്ട്. എന്നാല്‍ അത് ``എന്നെ ബാധിക്കുന്ന പ്രശ്‌നമല്ലെന്ന'' കേരളത്തിലെ മധ്യവര്‍ഗത്തിന്റെ മനോഭാവം ശക്തമായ ചെറുത്തുനില്‍പ്പിന് തടസ്സം സൃഷ്‌ടിക്കും. എല്ലാം കച്ചവടക്കണ്ണിലൂടെ കാണുന്ന, ``കത്തുന്ന പുരയില്‍ ഊരുന്ന കഴുക്കോല്‍ ലാഭം'' എന്ന കാഴ്‌ചപ്പാടുകള്‍ക്ക് മേല്‍ക്കൈ ലഭിക്കുന്ന പരിതോവസ്ഥകളുടെ മറവിലാണ് ഇത്തരം ജനവിരുദ്ധ നടപടികള്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നത്. ഏതു പ്രശ്‌നത്തേയും നിസ്സംഗമായി സമീപിക്കുന്ന മധ്യവര്‍ഗ മനോഭാവത്തെ കുടഞ്ഞെറിഞ്ഞ് കേരളത്തിന്റെ കാര്‍ഷിക മേഖലയെ, ഭക്ഷ്യസുരക്ഷയെ, ജനജീവിതത്തെ ഗുരുതരമായി ബാധിച്ചേക്കാവുന്ന ആസിയന്‍ കരാറിനെതിരായ ചെറുത്തുനില്‌പുകള്‍ വളര്‍ത്താന്‍ പ്രബുദ്ധ കേരളത്തിന് കഴിയണം.
സ്‌നേഹത്തോടെ,
വി വിനോദ്
ജനറല്‍ സെക്രട്ടറി
- lidheesh tc's blog
- Login or register to post comments
- Printer-friendly version
- Send to friend



