ഗലീലിയോ ഒരുങ്ങി

പാലക്കാട്‌: അജ്ഞതയുടെയും അന്ധവിശ്വാസങ്ങളുടെയും ഇരുളിനെ കീറിമുറിച്ച മഹാശാസ്‌ത്രകാരന്റെ സംഭവബഹുലമായ ജീവിതകഥ മലയാള നാടകവേദിയില്‍ പുതിയ ഇതിഹാസങ്ങള്‍ രചിക്കുവാന്‍ അണിയറയില്‍ ഒരുങ്ങുന്നു.
പാലക്കാട്‌ ഐ ആര്‍ ടി സിയില്‍ പരിശീലന ക്യാമ്പ്‌ തുടരുകയാണ്‌. മൂന്ന്‌ നാടക സംഘങ്ങള്‍ നവംബര്‍ 14 മുതല്‍ പ്രയാണം തുടങ്ങും. തിരുവനന്തപുരത്ത്‌ ഡോ. വയലാ വാസുദേവന്‍ പിള്ളയും എറണാകുളത്ത്‌ പ്രൊഫ. എം കെ സാനുവും കോഴിക്കോട്‌ നിലമ്പൂര്‍ ആയിഷയും നാടകയാത്രകള്‍ ഉദ്‌ഘാടനം ചെയ്യും.
ഇത്‌ ഒരു വ്യക്തിയുടെയോ കാലഘട്ടത്തിന്റെയോ മാത്രം കഥയല്ല. മാനവരാശിയുടെ മുന്നോട്ടുള്ള കുതിപ്പിന്‌ അനുകൂലവും പ്രതികൂലവുമായി വര്‍ത്തിച്ചുപോന്നിട്ടുള്ള ശക്തികള്‍ തമ്മില്‍ എക്കാലവും നിലനില്‍ക്കുന്ന മഹാസംഘര്‍ഷത്തിന്റെ കഥയാണ്‌. ശാസ്‌ത്രത്തിന്റെ അര്‍ഥത്തെയും പ്രയോഗത്തെയും ആരായിരിക്കണം നിര്‍ണയിക്കേണ്ടതെന്ന കാതലായ ചോദ്യത്തെയാണ്‌ ഈ നാടകത്തില്‍ അഭിമുഖീകരിക്കുന്നത്‌. ഈ ചോദ്യമാകട്ടെ ഇന്നത്തെ കാലഘട്ടത്തില്‍ മറ്റെന്നത്തേക്കാളും പ്രസക്തവുമാണ്‌.