അസുലഭം, അനിര്‍വചനീയം-സൂര്യഗ്രഹണ ദര്‍ശനം

അസുലഭം, അനിര്‍വചനീയം-സൂര്യഗ്രഹണ ദര്‍ശനം
ഇതിഹാസത്തിലും ചരിത്രത്തിലും പുകള്‍പെറ്റ പാടലീപുത്രം ഇക്കഴിഞ്ഞ ജൂലായ്‌ 22ന്‌ മറ്റൊരു മഹാസംഭവത്തിനുകൂടി സാക്ഷ്യം വഹിച്ചു. ശാസ്‌ത്രബോധത്തിന്റെ ദീപശിഖയേന്തി രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും എത്തിച്ചേര്‍ന്ന ജനകീയ ശാസ്‌ത്രപ്രചാരകരും സാക്ഷരതാ പ്രവര്‍ത്തകരും പൊതുജനങ്ങളും ഉള്‍പ്പെടെ പതിനായിരത്തോളം പേരാണ്‌ പാട്‌നയിലെ ഗാന്ധിമൈതാനത്ത്‌ സമ്പൂര്‍ ണ സൂര്യഗ്രഹണം നിരീക്ഷിച്ചത്‌. ആകാശവുമായും പ്രത്യേകിച്ച്‌ ഗ്രഹണവുമായും ബന്ധപ്പെട്ട കെട്ടുകഥകള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും എതിരെ ശാസ്‌ത്രജ്ഞാനവും അന്വേഷണതൃഷ്‌ണയും കൈമുതലാക്കിയ ജനതയുടെ ഈ മഹാസംഗമം അവിസ്‌മരണീയ സംഭവമായി.
പുലര്‍ച്ചെ 5 മണിക്കുതന്നെ ഗാന്ധിമൈതാനത്ത്‌ ജനസഹസ്രങ്ങള്‍ തടിച്ചുകൂടിയിരുന്നു. (കേരളത്തില്‍ 7-8 മണി നേരത്തുള്ള പ്രകാശം ഈ സമയത്ത്‌ ഇവിടെ ലഭ്യമായിരുന്നു.) 6.23ന്‌ ഗുജറാത്തിന്റെ തീരപ്രദേശത്ത്‌ അനുഭവപ്പെട്ട സമ്പൂര്‍ണ ഗ്രഹണം സൂററ്റ്‌, ഇന്‍ഡോര്‍, ഭോപ്പാല്‍, വാരണാസി എന്നിവിടങ്ങള്‍ പിന്നിട്ട്‌ പാറ്റ്‌നയില്‍ എത്തുന്നതും പ്രതീക്ഷിച്ച്‌ സൗരകണ്ണടകളും ധരിച്ച്‌ ഇരുപതിനായിരത്തോളം കണ്ണുകള്‍ ഇമചിമ്മാതെ ആകാശം നോക്കിനിന്നു. പക്ഷേ നിരാശയുടെ കാര്‍മേഘങ്ങള്‍ സൂര്യനെ മറയ്‌ക്കുകയും 6.15 ഓടെ അത്‌ പെരുമഴയായി പെയ്‌തിറങ്ങുകയും ചെയ്‌തു. ഗ്രഹണ സന്ദര്‍ശനം പ്രതീക്ഷിച്ചു നിന്ന്‌ ജനം ചിതറിയോടി മരങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും താഴെയും പ്രത്യേകം തയ്യാറാക്കിയ സമ്മേളന പന്തലിലും കയറിപ്പറ്റി. പന്തലില്‍ രാവിലെ മുതല്‍ തന്നെ ബി ജി വി എസ്‌ ബീഹാര്‍ കലാജാഥാംഗങ്ങളുടെ ശാസ്‌ത്രഗാനാലാപനവും ഇതര കലാപരിപാടികളും നടക്കുന്നുണ്ടായിരുന്നു. വലിയ സ്‌ക്രീനില്‍ സൂര്യഗ്രഹണം കാണാനുള്ള സൗകര്യം ഹാളില്‍ ഒരുക്കിയിരുന്നു.
പൊടുന്നനെ അന്തരീക്ഷം കറുത്തിരുണ്ടു. ശരിക്കും രാത്രിയായ പോലെ. റോഡിലൂടെ ഇരമ്പിപ്പാഞ്ഞ വാഹനങ്ങളിലും കടകളിലും ലൈറ്റുകള്‍ തെളിഞ്ഞു. 3 മിനിറ്റു മാത്രം, അന്തരീക്ഷം വീണ്ടും പ്രകാശമാനമായി. പൂര്‍ണ സൂര്യഗ്രഹണം കഴിഞ്ഞെന്ന്‌ ഏവര്‍ക്കും ബോധ്യമായി. താമസിയാതെ മഴ നിലച്ചു. കാര്‍മേഘമറ നീക്കി സൂര്യന്‍ പ്രത്യക്ഷപ്പെട്ടു. ആര്‍പ്പുവിളികളോടെ ഗാന്ധിമൈതാനത്തും കെട്ടിടങ്ങള്‍ക്കു മുകളിലും നിലയുറപ്പിച്ച ജനം വരവേറ്റു. സോളാര്‍ ഫില്‍റ്ററുകള്‍ ഉപയോഗിച്ച്‌ നോക്കുമ്പോള്‍ അമാവാസി കഴിഞ്ഞ്‌ കാണുന്ന ചന്ദ്രനെപ്പോലെ സൂര്യന്‍! 90%ചന്ദ്രനാല്‍ മറയ്‌ക്കപ്പെട്ട്‌ പിന്നീട്‌ പൂര്‍ണമായും ചന്ദ്രന്‍ സൂര്യബിംബത്തില്‍ നിന്ന്‌ കഴിഞ്ഞു പോകുന്നതുവരെ ഏതാണ്ട്‌ ഒരു മണിക്കൂര്‍ സമയം (രാവിലെ 7.35 വരെ) തടസ്സം കൂടാതെ എല്ലാവരും ഗ്രഹണം നിരീക്ഷിച്ചു. കൊറോണയും വജ്രമോതിര പ്രതിഭാസവും കാണാനായില്ലെങ്കിലും ഇന്ത്യയില്‍ ദൃശ്യമാകുന്ന ഈ നൂറ്റാണ്ടിലെ സമ്പൂര്‍ണ സൂര്യഗ്രഹണത്തിന്‌ പതിനായിരങ്ങള്‍ക്കൊപ്പം സാക്ഷ്യം വഹിക്കാനായതിന്റെ സന്തോഷം ഏവരുടേയും മുഖത്ത്‌ ദൃശ്യമായിരുന്നു.
രമേഷ്‌കുമാര്‍, മലപ്പുറം